മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് ആവേശ ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.
ഗുജറാത്ത് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുക്കാനെ സാധിച്ചുള്ളു. ലിസെല്ലെ ലീയും ലോറ വോൾവാർഡും വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
86 റൺസെടുത്ത ലിസെല്ലെയാണ് ഡൽഹിയുടെ ടോപ്സ്കോറർ. 54 പന്തിൽ 12 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ലിസെല്ലെയുടെ ഇന്നിംഗ്സ്. വോൾവാർഡ് 38 പന്തിൽ നിന്ന് 77 റൺസെടുത്തു. ഒന്പത് ബൗണ്ടറിയും മൂന്ന് സിക്സും വോൾവാർഡ് അടിച്ചെടുത്തിരുന്നു.
ഗുജറാത്തിന് വേണ്ടി സോഫി ഡിവൈനും രാജേശ്വരി ഗയ്ക്ക്വാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കാഷ്വി ഗൗതും ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് എടുത്തത്.
സോഫി ഡിവൈനിന്റെയും ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ 95 റൺസെടുത്ത സോഫിയാണ് ഗുജറാത്തിന്റെ ടോപ്സ്കോറർ. ഏഴ് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സോഫിയുടെ ഇന്നിംഗ്സ്.
ഗാർഡ്നർ 49 റൺസാണ് എടുത്തത്. ഡൽഹിക്ക് വേണ്ടി നന്ദനി ശർമ അഞ്ച് വിക്കറ്റെടുത്തു. ചിനെല്ലെ ഹെൻറിയും ശ്രീചരണിയും രണ്ട് വിക്കറ്റ് വീതവും ഷെഫാലി വർമ ഒരു വിക്കറ്റും വീഴ്ത്തി.